യേശുവേ ധ്യാനിക്കുമ്പോൾ ഞാൻ

 


യേശുവേ ധ്യാനിക്കുമ്പോൾ ഞാൻ സന്തുഷ്ടമാനസൻ
ഏറ്റവും ആനന്ദമവൻ എത്ര മനോഹരൻ


ഹൃദയമതിന്നീവണ്ണം മാധുര്യം ഏറുന്ന
യാതൊരു നാമം ഇല്ലതു ഭൂതലങ്ങളിലും


പ്രിയം ഏറുന്ന നാമമേ ഈ ഉലകിൽ വന്നു
സ്വന്ത രക്തം അതാലെന്നെ വീണ്ടരുമ നാഥൻ


സൌരഭ്യമുള്ള നാമമേ പാരിൻ ദുഖങ്ങളിൽ
ആശ്വാസമേകുന്ന നാമം വിശ്വാസിക്കെപ്പോഴും


തന്നോടുള്ള സംസർഗ്ഗം പോൽ ഇന്നിഹത്തിൽ ഒരു
ഭാഗ്യാനുഭവമില്ലതു സ്വർഗ്ഗം തന്നെ നൂനം.


കീർത്തിമാനായ രാജനേ, വാഴുന്നവൻ നീയേ,
നിൻ കീർത്തി എത്ര മാധുര്യം, നിന്നിലുണ്ടാനന്ദം!


നീ എൻ ഹൃത്തിൽ വ-ന്നീടുമ്പോൾ, സത്യം പ്രകാശിക്കും,
ഭൂലോക മായ മാഞ്ഞിടും, ദിവ്യ സ്നേഹം വരും.


മർത്യരിൻ ശോഭ യേശുവാം, ജീവാഗ്നിയും താനേ,
മേത്തരമാകും ആനന്ദം, മറ്റൊന്നുമേകില്ലേ!


യേശുവേ നിൻ തങ്ക നാമമേ എന്നും ആരാധ്യമേ,
കഷ്ടതയിൽ വിളിക്കുമ്പോൾ നീ മാത്രം ശരണം.


യേശുവേ നിന്നെ വാഴ്ത്തിടാൻ, നിന്നെ പുകഴ്ത്തിടാൻ,
ജീവിക്കും സാക്ഷിയാകുവാൻ നീ തുണ ചെയ്കെന്നിൽ.


മേലോക ദൂതരേക്കാളും സുന്ദര രൂപൻ നീ,
സംഗീതം പോലെ നിൻ നാമം ഹൃത്തിൽ സ്നേഹം തരും.


മായമില്ലാത്ത മാധുര്യം, നിന്നെ ഭക്ഷിപ്പോർക്കു,
മതി വരി-ല്ലൊരി-ക്കലും നിന്നെ പാനം ചെയ്കിൽ.


കഷ്ടപ്പെടുന്ന ഞങ്ങളിൻ യാചന കേൾക്കുകേ,
അന്തരാത്മാവിൽ യാചിപ്പൂ, പ്രാർത്ഥന കേൾക്കണേ.


ഞങ്ങൾ തൻ കൂടെ പാർക്കേണം ഹൃത്തിൽ ശോഭിക്കേണം,
അന്ധകാരത്തെ നീക്കേണം മോദം നിറക്കേണം.


യേശുവേ കന്യാസൂനുവേ, നീ തന്നെ ആനന്ദം,
സ്തോത്രം സ്തുതി നിനക്കെന്നും എന്നുമെന്നേക്കുമേ.

Leave a Reply

Your email address will not be published. Required fields are marked *